മലയാളമില്ലാതെ കേരളമില്ല | കേരളപ്പിറവി ദിനത്തിൽ ഡോ . എം എൻ കാരശ്ശേരി സംസാരിക്കുന്നു | M.N Karassery
Автор: YOLmedia
Загружено: 2019-11-01
Просмотров: 19631
Описание:
ഐക്യകേരളത്തിന്റെ ജന്മദിനമാണ് ഇന്ന് .അതിന്റെ യഥാർത്ഥ കാമ്പിലേക്ക് കടക്കാതെ,കസവ് കരയുള്ള മുണ്ടും സെറ്റ് സാരിയുമായി നാമീ ദിനം പതിവ് പോലെ ആചരിക്കും. എന്നാൽ അത്തരം അനുഷ്ടാനപരമായ ആചാരങ്ങൾക്കിടെ മറന്നു പോകാനേ പാടില്ലാത്ത ഒരു കാര്യം, കേരളത്തെ ഉണ്ടാക്കിയത് മലയാളമാണ് എന്ന വസ്തുതയാണ്. ആ മലയാളത്തെ നാം പാതിവഴിയിൽ ഉപേക്ഷിച്ചാൽ അപകടത്തിലാകുന്നത് കേരളം എന്ന സമൂഹമായിരിക്കും. ഇപ്പോൾ സംഭവിക്കുന്നതും അതാണ്.
അതു കൊണ്ട്, മലയാളത്തെ സംരക്ഷിക്കലാണ് കേരളത്തെ നിലനിർത്താനുള്ള പ്രധാന മാർഗ്ഗം എന്ന തിരിച്ചറിവാണ് നമുക്കോരോരുത്തർക്കും ഇന്നുണ്ടാകേണ്ടത് . മലയാളത്തെ ശക്തിപ്പെടുത്തലാണ് കേരളത്തെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗം. കാരണം മലയാളം, പല ഭാഷകളിൽ ഒരു ഭാഷയല്ല മലയാളിക്ക്. അത് നമ്മുടെ മാതൃഭാഷയാണ്. ഒരു ജനത എന്ന നിലക്ക് നമ്മെ രൂപപ്പെടുത്തിയ ഉപാധി. പല മുത്തുകളെ കോർത്ത ഒരു ചരട് .ആ ഭാഷ മുറിഞ്ഞാൽ പിന്നെ കേരളമുണ്ടാകില്ല; ചരട് മുറിഞ്ഞാൽ മാലയുണ്ടാകില്ല എന്ന പോലെ. മറന്നു പോകരുത് അക്കാര്യം.
കേരളം മലയാളത്തെ ഉണ്ടാക്കിയതല്ല; മറിച്ച്, മലയാളം കേരളത്തെ ഉണ്ടാക്കിയതാണ് എന്ന തിരിച്ചറിവിനെയാണ് കേരളീയ ബോധം എന്ന് പറയുന്നത്. അത് തന്നെയാണ് കേരളീയത. അക്കാര്യം മാറ്റി വെച്ച് ,കേരളീയ ഭക്ഷണം എന്നോ, കേരളീയ വസ്ത്രം എന്നോ കേരളീയ ഭവനം എന്നോ വമ്പ് പറഞ്ഞത് കൊണ്ടായില്ല. ഈ പറയുന്ന വസ്തുക്കൾക്കപ്പുറത്ത് ,സൗന്ദര്യാത്മകമായ അനുഭൂതികൾ കൊണ്ടാണ് മനുഷ്യർ ഒരു സമൂഹം എന്ന നിലയിൽ ബന്ധിതരാകുന്നത്. കേരളത്തെ സംബന്ധിച്ച് ഒന്നാമതായി ഉണ്ടാകുന്ന ആ അനുഭൂതി മാതൃഭാഷയായ മലയാളമല്ലാതെ മറ്റൊന്നല്ല.
നമ്മെ ഉണ്ടാക്കിയ ആ മലയാളത്തിൽ ഇടപെട്ട് കൊണ്ട് ,കേരളത്തെ ഒരു സമൂഹമായി നിലനിർത്താൻ പരിശ്രമിക്കുകയാണ് ഓരോ മലയാളിയും ഇപ്പോൾ ചെയ്യേണ്ടത്. കാരണം ഭാഷ, ആശയ വിനിമയത്തിന്റെ കേവലമായ ഒരു ഉപാധിയല്ല. അത് ആശയത്തിന്റെ തന്നെ ഉപാധിയാണ്. എന്നു വെച്ചാൽ അർത്ഥം, ഓരോ ഭാഷാ സമൂഹവും അതിന്റെ മുദ്ര പതിഞ്ഞ ആശയങ്ങളാണ് ഉത്പാദിപ്പിക്കുക എന്നതാണ്. അത്തരം ആശയങ്ങളെ ശരിയാംവണ്ണം വിനിമയം ചെയ്യാൻ മാതൃഭാഷ അത്യാവശ്യമായി വരുന്നത് അതുകൊണ്ടാണ്. ലോകത്തിലെ എല്ലാ ആധുനിക സമൂഹങ്ങളും മാതൃഭാഷയിലൂടെയാണ് വികസിച്ചത്. ആധുനിക മലയാളി മനസ്സിലാക്കാതെ പോയ വസ്തുതയാണത്. മലയാളം ദുർബ്ബലമായാൽ ശക്തവും ആധുനികവുമായ ഒരു ജനാധിപത്യ - മതേതര കേരളം ഉണ്ടാവുകയില്ല.
മാതൃഭാഷ സംസാരിക്കുന്ന ആളുകളുടെ എണ്ണം പരിഗണിച്ചാൽ, ആയിരക്കണക്കിന് ലോകഭാഷകൾക്കിടയിൽ മലയാളത്തിന് 26-ാമത്തെ സ്ഥാനമുണ്ട്. അതായത്, ഒരു ഭാഷ സംസാരിക്കുന്നവരെ ഒരു രാജ്യമായി കണക്കാക്കിയാൽ 26-ാമത്തെ രാജ്യം !
'കൊച്ചു കേരളം' എന്നൊക്കെ അങ്ങേയറ്റം ലാഘവത്തിൽ പറയുന്ന പോലെ നാം അത്ര കൊച്ചൊന്നുമല്ല എന്നർത്ഥം. എന്നിട്ടും നമുക്കങ്ങിനെ തോന്നുന്നത്, ഭാഷാപരമായ അഭിമാനബോധം നന്നേ കുറഞ്ഞ ഒരു ജനതയായി നാം മാറിയത് കൊണ്ടാണ്. ജാതി, മതം തുടങ്ങി നൂറായിരം കാര്യങ്ങളിൽ ഒട്ടും ആവശ്യമില്ലാത്ത മിഥ്യാഭിമാനബോധത്തിന്റെ കണ്ണാടിക്കൂട്ടിൽ സ്വയം പ്രദർശിപ്പിച്ചു കഴിയുന്ന മലയാളിക്ക്, തങ്ങളെ സൃഷ്ടിക്കുകയും ഒരു സമൂഹമെന്ന നിലയിൽ നിലനിർത്തുകയും ചെയ്യുന്ന മാതൃഭാഷയെപ്പറ്റി തരിമ്പും അഭിമാനബോധം തോന്നുന്നില്ല എന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിനെ മറികടക്കാനാണ് നാമിപ്പോൾ പരിശ്രമിക്കേണ്ടത്.അതാണ് ഈ കേരളപ്പിറവി ദിനാഘോഷത്തിന്റെ പ്രാധാന്യവും.
he official YouTube channel for Yolmedia.com
Subscribe to the
YouTube Channel https://bit.ly/2PxiyL3
Visit our website:https://www.yolmedia.com
Follow us:
Facebook: / yolmedia
Twitter: / lmediayo
#mnkarassery #YOLMEDIA
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: